ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിലെത്തിക്കാൻ സി.പി.ഐ.എം. പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് നടപടി സ്വീകരിക്കുക. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല എന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സർക്കാരിനോടുള്ള എതിർപ്പല്ല, മറിച്ച് മറ്റ് ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത് എന്നും വിലയിരുത്തുന്നു. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരാനാകുമെന്നാണ് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതീക്ഷ.
എങ്കിലും, ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും ഉൾപ്പെടെ തിരിച്ചടിയായിട്ടുണ്ട് എന്നതാണ് നേതാക്കൾക്കിടയിലെ പൊതുവികാരം. ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സി.പി.ഐ.എം., സി.പി.ഐ. നേതൃയോഗങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. സ്ഥാനാർഥി നിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സി.പി.ഐ.എമ്മിനുള്ളിൽ അഭിപ്രായമുണ്ട്.
സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും സി.പി.ഐ.ക്കുള്ളിലും വിമർശനമുയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാർട്ടികളുടെ നേതൃയോഗങ്ങൾ ഇപ്പോഴും തുടരുകയാണ്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും സെക്രട്ടറിയേറ്റ് യോഗങ്ങളാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്.



