കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കുറ്റകൃത്യം നടന്ന ദിവസം ഫോണിൽ വിളിച്ച യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെന്ന് ഭർത്താവ് വെളിപ്പെടുത്തി. മൂന്നോ നാലോ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നുവെന്നും, അന്ന് സുനിയുമായി സംസാരിക്കാൻ ഉപയോഗിച്ച ഫോണും സിംകാർഡും പൊലീസിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഫോൺ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നും ഭർത്താവ് കൂട്ടിച്ചേർത്തു. കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരി 17 ന് പൾസർ സുനി യുവതിയെ പലവട്ടം ഫോണിൽ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇവരെ സാക്ഷിയാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിധിന്യായത്തിൽ കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവിന്റെ വിശദീകരണം വന്നത്.
കുറ്റകൃത്യം ചിത്രീകരിച്ച മൊബൈൽ ഫോണും സിം കാർഡും യുവതിയുടെ വീട്ടിൽ ഒളിപ്പിക്കാൻ സുനി ആലോചിച്ചിരുന്നുവെന്നും, എന്നാൽ അത് നടന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ, കുറ്റകൃത്യത്തെക്കുറിച്ച് യുവതിക്ക് അറിവുണ്ടായിരുന്നില്ല എന്ന നിഗമനത്തിലാണ് അവരെ കേസിൽ സാക്ഷിയാക്കാതിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.



