തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. വിശദമായ പരിശോധന എല്ലാ തരത്തിലും നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തും. തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് ഭരണമെന്നും പകുതി ജില്ലാ പഞ്ചായത്തുകളിൽ ജയിച്ചത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല, മറ്റ് കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
2010-ൽ ആറ് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫ്. ജയിച്ചത്. അന്ന് 59 ബ്ലോക്ക് പഞ്ചായത്തുകളിലായിരുന്നു എൽ.ഡി.എഫ്. ജയിച്ചത്. 91 ബ്ലോക്ക് പഞ്ചായത്തുകളിൽ അന്ന് യു.ഡി.എഫ്. ആണ് ജയിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ അന്ന് 360 ഇടത്താണ് എൽ.ഡി.എഫ്. ജയിച്ചിരുന്നത്. അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിന്റെ കുറവിലാണ് ഭരണം നഷ്ടപ്പെട്ടതെന്നും എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു.



