മലപ്പുറം: ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വലിയപറമ്പ് സ്വദേശി റിന്റു അജയ്ക്കെതിരെയാണ് കേസ്. ഇവർ കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ് 17-ൽ വോട്ട് ചെയ്തിരുന്നു. പിന്നീട് ഉച്ചകഴിഞ്ഞ് മലപ്പുറം പുളിക്കൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വലിയപറമ്പ് ചാലിൽ ജി.എൽ.പി. സ്കൂളിൽ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു. റിട്ടേണിംഗ് ഓഫീസർ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവതിയ്ക്കെതിരെ കേസ് എടുത്തത്.
അതേസമയം, വടക്കാഞ്ചേരിയിലും സമാനമായ സംഭവം ഉണ്ടായി. വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മങ്കര തരു പീടികയിൽ അൻവർ (42) പിടിയിലായി. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടർ പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയിൽ വോട്ട് ചെയ്ത ഇയാൾ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ കയ്യിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പോലീസ് ഇയാളെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.



