തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പ്രോസിക്യൂഷൻ്റെ അപേക്ഷ അംഗീകരിച്ചുകൊണ്ട് അടച്ചിട്ട കോടതി മുറിയിലാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്. ഡിസംബർ പത്ത് ബുധനാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കും.
കെപിസിസി അധ്യക്ഷന് 23കാരി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബെംഗളൂരുവിൽ താമസിക്കുന്ന രണ്ടാം കേസിലെ പരാതിക്കാരി രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് പോലീസിന് നൽകിയത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയതായി യുവതി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ആദ്യ പരാതിയിലെ ജാമ്യാപേക്ഷയിൽ ഡിസംബർ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ അറസ്റ്റും ഈ മാസം 19 വരെ പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞിട്ടുണ്ട്.



