നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ, തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നടൻ ദിലീപ് കേസ് നൽകാനൊരുങ്ങുന്നു. തന്നെ ഈ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നിലെ പോലീസ് ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ദിലീപ് നിയമപരമായ നീക്കങ്ങൾ നടത്തുന്നത്. കേസ് കെട്ടിച്ചമച്ചതിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കും ഉന്നത ക്രിമിനൽ സംഘങ്ങൾക്കും എതിരെ നടപടി വേണമെന്നാണ് നടന്റെ പ്രധാന ആവശ്യം.
ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നതിന് തെളിവുണ്ടെന്നും, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുൻ ഭാര്യ മഞ്ജു വാര്യരും ചില മാധ്യമപ്രവർത്തകരും ഇതിൽ പങ്കാളികളാണെന്നും ദിലീപ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിയമ നടപടികളിലേക്ക് കടക്കുന്നത്. തന്നെ പ്രതിയാക്കിയതിലെ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ഗൂഢാലോചനാ വാദം തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്.



