നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്.നിലവിൽ കാണുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. ‘ദൈവമുണ്ടെങ്കിൽ, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കിൽ നാളെ അത് തെളിയിക്കപ്പെടും’ എന്ന് കഴിഞ്ഞ ദിവസം പാർവതി കുറിച്ചിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
താൻ എന്നും അതിജീവിതക്കൊപ്പമാണെന്നും നടി വ്യക്തമാക്കി. “എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം” എന്നാണ് പാർവതി ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചത്. അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മറ്റ് പ്രതികരണങ്ങളും പാർവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നടി റിമ കല്ലിങ്കലടക്കമുള്ളവരും അതിജീവിതയ്ക്കൊപ്പമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന നടിയെ അത്താണിക്ക് സമീപം വെച്ച് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, പീഡനശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കേസിന്റെ തുടക്കത്തിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. പിന്നീട്, നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം അവരെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന പ്രോസിക്യൂഷൻ വാദത്തെത്തുടർന്നാണ് ദിലീപിനെ എട്ടാം പ്രതിയായി കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബർ മൂന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.



