നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടൻ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ, പോലീസ് ഉദ്യോഗസ്ഥർ, ചില മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മഞ്ജു വാര്യർ നടത്തിയ പ്രസംഗമാണ് ഈ കേസിന് അടിസ്ഥാനമായതെന്നും അതിനുവേണ്ടി ചില പോലീസ് ഉദ്യോഗസ്ഥരും ചില മാധ്യമപ്രവർത്തകരും കൂട്ടുനിന്നു എന്നും ദിലീപ് ആരോപിച്ചു.
ഈ കേസിൽ തനിക്കൊപ്പം നിലയുറപ്പിച്ചവർക്കും തന്നെ വിശ്വസിച്ചവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കേസിലെ എട്ടാമത്തെ പ്രതിയായിരുന്നു ദിലീപ്. ആദ്യത്തെ ആറ് പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നതാണ് നടന് അനുകൂലമായ വിധിക്ക് കാരണമായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ സംഘങ്ങൾ ചേർന്നാണ് തനിക്കെതിരെ ഈ കേസ് കെട്ടിച്ചമച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു.



