നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആദ്യ ആറു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. വിധി പ്രസ്താവം കേൾക്കുന്നതിനായി ദിലീപ് അടക്കമുള്ള പത്ത് പ്രതികളും കോടതിയിൽ ഹാജരായിരുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് കോടതി നടനെ കുറ്റവിമുക്തനാക്കിയത്. എന്നാൽ, സെഷൻസ് കോടതിയുടെ ഈ വിധിക്ക് എതിരെ സംസ്ഥാന സർക്കാർ അപ്പീലിന് പോകാൻ സാധ്യതയുണ്ട്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് രാവിലെ 11 മണിയോടെ കേസ് പരിഗണിച്ച് വിധി പ്രസ്താവിച്ചത്.
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന നടിയെ അത്താണിക്ക് സമീപം വെച്ച് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, പീഡനശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കേസിന്റെ തുടക്കത്തിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. പിന്നീട്, നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം അവരെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന പ്രോസിക്യൂഷൻ വാദത്തെത്തുടർന്നാണ് ദിലീപിനെ എട്ടാം പ്രതിയായി കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബർ മൂന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 2018 ജൂണിൽ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിലനിൽക്കെ ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നുവെന്ന് നടി മഞ്ജുവിനോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഈ വാദങ്ങൾ കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.



