കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ട ശേഷമാണ് വിധി പ്രഖ്യാപനം വരുന്നത്. 2017 ഫെബ്രുവരി പതിനേഴിന് മലയാള സിനിമ രംഗത്തെ പ്രമുഖ നടി ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാകുകയായിരുന്നു. തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. പീഡന ദൃശ്യങ്ങൾ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഫോണിൽ പകർത്തി.
കേസിൽ എട്ടാമത്തെ പ്രതിയാണ് നടൻ ദിലീപ്. വ്യക്തിവൈരാഗ്യം കാരണം നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയും ക്വട്ടേഷൻ നൽകുകയും ചെയ്തു എന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നടൻ നേരിടുന്നത്. കാവ്യാമാധവനുമായുള്ള ദിലീപിന്റെ അടുപ്പം ആദ്യഭാര്യയായ മഞ്ജുവാര്യരെ നടി അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിൽ എന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചു.



