D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ക്രിമിനല്‍ ഗൂഢാലോചന, യാദൃച്ഛികമായി നടന്നതെന്ന് ആര്‍ക്കും തോന്നുന്നില്ല’; ആ വേദിയില്‍ മഞ്ജു പറഞ്ഞതും വഴിത്തിരിവായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. സംഭവം നടന്ന് എട്ടുവർഷങ്ങൾക്കിപ്പുറമാണ് കേസിൽ വിചാരണ പൂർത്തിയാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ എട്ടിന് വിധി പറയുന്നത്. മനുഷ്യമനഃസാക്ഷിയെ അക്ഷരാർഥത്തിൽ നടുക്കിയ ക്രൂരമായ കുറ്റകൃത്യത്തിൽ കോടതി വിധി എന്താകുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.

2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ കാറിൽവെച്ച് നടി ആക്രമിക്കപ്പെട്ടത്. പിറ്റേദിവസം രാവിലെ നടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. എന്നാൽ, നടിക്കുനേരേ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ലൈംഗികമായ ഉപദ്രവം നേരിട്ടെന്നുമുള്ള വിവരങ്ങൾ മണിക്കൂറുകൾക്കകം പുറത്തുവന്നു. ഒരു നടിക്ക് നേരേ കേരളത്തിലെ പ്രധാന നഗരത്തിൽ ഇത്തരമൊരു അതിക്രമം നേരിട്ടത് വലിയ ആശങ്കയ്ക്കും ഇടയാക്കി.

സംഭവത്തിൽ ഫെബ്രുവരി 18-നുതന്നെ നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ മാർട്ടിൻ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 19-ന് ക്വട്ടേഷൻ സംഘാംഗങ്ങളായ വടിവാൾ സലീം, പ്രദീപ് എന്നിവർകൂടി പിടിയിലായി. ഫെബ്രുവരി 23-നാണ് ഒന്നാംപ്രതിയായ പൾസർ സുനി അറസ്റ്റിലായത്. കോടതിയിൽ കീഴടങ്ങാനെത്തിയ പൾസറിനെ അതിനാടകീയമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *