കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം രംഗത്തെത്തിയ നടി റിനി ആൻ ജോർജിന് നേരെ വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്നാണ് രണ്ടുപേർ റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കിയത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരാൾ സ്കൂട്ടറിലെത്തി വീടിന് മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്നും, ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമായി സ്ഥലം വിട്ടെന്നും നടി പറയുന്നു. എന്നാൽ, ഈ സംഭവം കാര്യമാക്കിയില്ലെന്നും, പത്ത് മണിയോടെ മറ്റൊരാൾ വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കുകയും കുറെ അസഭ്യങ്ങൾ വിളിച്ചുപറയുകയും ചെയ്തെന്നും റിനി പറഞ്ഞു. വീടിന്റെ ഗെയ്റ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ റിനി പോലീസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി വ്യക്തമാക്കി. പരാതിയെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ഇതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയതിനു പിന്നാലെ അയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും റിനി അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെയാണ് റിനി പോലീസിൽ പരാതി നൽകിയത്. ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ ഭീഷണിയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കിയിരുന്നില്ല. സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും, എന്നാൽ ഇതൊന്നും കണ്ട് ഭയപ്പെടുന്ന വ്യക്തിയല്ല താനെന്നും റിനി കൂട്ടിച്ചേർത്തു.



