തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാര സമരം നടത്തിവരികയായിരുന്ന രാഹുലിനെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് തിരികെ കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, രാഹുലിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കേസ് നാളത്തേക്ക് മാറ്റിയത്. നിലവിൽ രണ്ട് കോടതികളിലാണ് രാഹുൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഏതെങ്കിലും ഒരു അപേക്ഷ പിൻവലിക്കണമെന്നും കോടതി രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ചോദ്യം ചെയ്യുന്നതിനായി രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. അന്വേഷണത്തോട് രാഹുൽ ഈശ്വർ സഹകരിക്കുന്നില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നുമാണ് ജാമ്യാപേക്ഷയിൽ രാഹുൽ പറയുന്നത്.



