ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ അഭിപ്രായപ്പെട്ടത്, എം. മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം ആണെന്നാണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും, മുകേഷിന്റെ വിഷയം 'പീഡനം' എന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ലസിത നായർ പറഞ്ഞു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ള വിഷയങ്ങളാണെന്നും മുകേഷിന്റേത് പീഡനം എന്ന് സി.പി.ഐ.എം. അംഗീകരിച്ചിട്ടില്ലെന്നും ലസിത നായർ വ്യക്തമാക്കി. മുകേഷിന്റെ കാര്യം നിയമത്തിനുവിടുകയാണെന്നും, സി.പി.ഐ.എമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ ജനാധിപത്യ കേരളത്തിനു നാണക്കേടാണെന്നും പോലീസിനെ വെട്ടിച്ചു നടക്കുന്ന ലൈംഗിക കുറ്റവാളിയാണെന്നും അവർ ആരോപിച്ചു. കോൺഗ്രസ് അയാളെ സംരക്ഷിക്കുകയാണെന്നും ഉടൻ മാറ്റിനിർത്തണമായിരുന്നു എന്നും ലസിത നായർ പറഞ്ഞു. ബലാൽസംഗ വീരൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നോമിനികളാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർഥികളെന്നും രാഹുലിനെ അനുകൂലിക്കുന്നവർക്ക് സീറ്റ് നൽകിയെന്നും അവർ കുറ്റപ്പെടുത്തി.
ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നും രാഹുലിനെ പിന്തുണച്ച ആളാണ് ശ്രീനാദേവിയെന്നും അവർ ആവശ്യപ്പെട്ടു. പീഡനത്തിന് കൂട്ടുനിന്ന ഫെന്നി നൈനാൻ അടൂരിൽ സ്ഥാനാർഥിയാണെന്നും അവർ ചൂണ്ടിക്കാട്ടി. രാഹുലിനെ പിന്തുണച്ച ശ്രീനാദേവിയെ സി.പി.ഐ.യിൽ നിന്ന് എത്തിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ശ്രീനാദേവി സ്ത്രീകൾക്ക് അപമാനമാണ്, അതിനാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കണം. നടിമാർ അടക്കം രാഹുലിനെ പിന്തുണയ്ക്കുന്നത് സ്ത്രീ സമൂഹത്തിന് നാണക്കേടാണെന്നും സംസ്ഥാന വ്യാപക പ്രതിഷേധം മഹിളാ അസോസിയേഷൻ നടത്തുമെന്നും ലസിത നായർ കൂട്ടിച്ചേർത്തു.



