നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരും വിവാഹിതരായത്. ഈഷ യോഗ സെന്ററിലുള്ള ലിംഗ് ഭൈരവി ക്ഷേത്രത്തിൽ പുലർച്ചെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഞായറാഴ്ച മുതൽ ശക്തമായിരുന്നു. രാജിന്റെ മുൻ ഭാര്യ ശ്യാമാലി ദേ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് സംശയങ്ങൾക്ക് പ്രധാന കാരണം. "നിരാശരായ ആളുകൾ നിരാശരായ കാര്യങ്ങൾ ചെയ്യുന്നു" എന്ന നിഗൂഢമായ ഒരു ഉദ്ധരണി അവർ പോസ്റ്റ് ചെയ്തത് ഏവരുടെയും അമ്പരപ്പിന് കാരണമായി. റിപ്പോർട്ടുകൾ അനുസരിച്ച്, രാജ് നിഡിമോരു 2022-ലാണ് ശ്യാമാലി ദേയുമായി വിവാഹമോചനം നേടിയത്.
2024 മുതൽ സാമന്തയും രാജും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും ഇതേക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നില്ല. പല പൊതുവേദികളിലും ഇവർ ഒന്നിച്ചെത്തുന്നതിൻ്റെ വീഡിയോകൾ പ്രചരിക്കുകയും, രാജിനൊപ്പമുള്ള ചിത്രങ്ങൾ സാമന്ത തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സാമന്തയുടെ ആദ്യ പങ്കാളി തെലുങ്ക് നടൻ നാഗചൈതന്യ ആയിരുന്നു. നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് നാഗ ചൈതന്യ നടി ശോഭിതയെ വിവാഹം കഴിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.



