തൃശ്ശൂർ: ഗർഭിണിയായ യുവതിയെ പൊള്ളലേറ്റ നിലയിൽ മരിച്ചതായി കണ്ടെത്തി. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചന (20) ആണ് മരിച്ചത്. ഭർതൃവീടിന് പിന്നിലെ കോൺക്രീറ്റ് കാനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിൽവെച്ച് തീകൊളുത്തിയ അർച്ചന, ദേഹമാസകലം തീ പടർന്നതോടെ വീട്ടിൽനിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയിൽ ചാടിയതാവാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് അർച്ചന മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർതൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയിൽനിന്ന് വിളിക്കാനായി പോയതായിരുന്നു.
അതേസമയം, മരണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി, വിശദമായ അന്വേഷണത്തിനുശേഷമേ സംഭവം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. വ്യാഴാഴ്ച രാവിലെ ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധനക്കെത്തും. ഇതിനുശേഷമാകും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക.



