തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ ബിജെപി സ്ഥാനാർഥിക്കൊപ്പമുള്ള പ്രചാരണത്തിനിടെ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകനായ രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകിട്ട് 3:30 ഓടെയാണ് സംഭവം.
സ്ഥാനാർഥിയോടൊപ്പം വോട്ട് ചോദിച്ച് വീട്ടിലെത്തിയ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വീട്ടമ്മ വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ രാജു പിന്നാലെ ചെന്ന് കയറിപ്പിടിച്ചെന്നാണ് പരാതി. വീട്ടമ്മ നിലവിളിച്ചതിനെ തുടർന്ന് രാജു സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ വീട്ടമ്മ മംഗലപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ കേസ് രജിസ്റ്റർ ചെയ്തതോടെ രാജു ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



