പത്തനംതിട്ട: അടൂരിൽ നാല് വയസ്സുകാരനായ മകനുമായി പിതാവ് ബസിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം നടത്തി. എം.സി. റോഡിൽ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തിയാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് പ്രാഥമിക വിവരം.ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വലിയ അപകടം ഒഴിവായി. പിതാവിനും മകനും കാര്യമായ പരുക്കുകളില്ല.
ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് രണ്ട് ജീവൻ രക്ഷിച്ചത്. "പുള്ളി കുഞ്ഞിനെ കയ്യിലെടുത്ത് താഴ്ത്തിവെച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു, നോക്കി ക്രോസ്സ് ചെയ്യാൻ വന്നിട്ട് പെട്ടെന്ന് ബസ് മുന്നോട്ട് വന്നപ്പോൾ ചാടുകയായിരുന്നു," എന്ന് ഡ്രൈവർ പ്രതികരിച്ചു. തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യയുമായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇയാൾ.



