തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനം ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ഭാവി വച്ച് കളിക്കാറില്ലെന്നും നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട കേന്ദ്രഫണ്ട് വാങ്ങിയെടുക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപ തടഞ്ഞുവെച്ചത് മറികടക്കാനുള്ള നീക്കം ആണിത്. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തിനും ഈ സർക്കാർ കൂട്ടുനിൽക്കില്ല എന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
2023 -24 വർഷത്തിൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേരളത്തിന് നഷ്ടപ്പെട്ടത് 188 കോടി 58 ലക്ഷം രൂപയാണ്. 1158 കോടി 13 ലക്ഷം ആകെ നഷ്ടപ്പെട്ടു. പാഠപുസ്തകം പെൺകുട്ടികളുടെ അലവൻസുകൾ പ്രീ പ്രൈമറി വിദ്യാഭ്യാസം അധ്യാപക പരിശീലനം പരീക്ഷ നടത്തി തുടങ്ങി പൊതു വിദ്യാഭ്യാസത്തിന്റെ നട്ടെല്ല് ആയ പ്രവർത്തനങ്ങളാണ് പി എം ശ്രീ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായത് എന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ സ്കൂളുകളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റാനും, പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020) നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ് പിഎം ശ്രീ.



