അമേരിക്കയിലെ ഡാളസിൽ മോട്ടലിലെ ജീവനക്കാരനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യൻ വംശജനായ മാനേജർക്ക് ക്രൂരമായ കൊലപാതകം. കർണാടക സ്വദേശിയായ ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ക്യൂബൻ വംശജനായ യോർദാനിസ് കോബോസ്-മാർട്ടിനെസ് (37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. കേടായ വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ കോബോസ്-മാർട്ടിനെസിനോട് നിർദ്ദേശിച്ചിരുന്നു. നേരിട്ട് സംസാരിക്കുന്നതിന് പകരം മറ്റൊരു ജീവനക്കാരൻ വഴി നിർദ്ദേശം കൈമാറിയത് കോബോസ്-മാർട്ടിനെസിനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
തുടർന്ന്, കോബോസ്-മാർട്ടിനെസ് ഒരു വാളെടുത്ത് നാഗമല്ലയ്യയെ ആക്രമിച്ചു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ പ്രതി അദ്ദേഹത്തെ കുത്തിവീഴ്ത്തി. നാഗമല്ലയ്യയുടെ ഭാര്യയും 18 വയസ്സുള്ള മകനും തടയാൻ ശ്രമിച്ചെങ്കിലും പ്രതി അവരെ തള്ളിമാറ്റി.
അക്രമത്തിന് ശേഷം പ്രതി നാഗമല്ലയ്യയുടെ തല വെട്ടിമാറ്റുകയും അത് മാലിന്യക്കൂമ്പാരത്തിലേക്ക് എറിയുകയും ചെയ്തതായി പോലീസ് പറയുന്നു. വെട്ടിമാറ്റിയ തലയുമായി നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രക്തത്തിൽ കുളിച്ച നിലയിൽ, കത്തിയുമായി നിൽക്കുകയായിരുന്ന പ്രതിയെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. നാഗമല്ലയ്യയുടെ "ദാരുണമായ" മരണത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. ജോലിസ്ഥലത്ത് വെച്ച് അദ്ദേഹം "ക്രൂരമായി കൊല്ലപ്പെട്ടു" എന്നും കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.



