കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധി വ്യക്തമാകാൻ ഇനി മണിക്കൂറുകളുടെ കാര്യമാണ്. ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങുന്നതോടെ, രാഷ്ട്രീയ കേരളം ശ്വാസംമുട്ടി കാത്തിരിക്കുന്ന കണക്കുകൾ ഒരൊന്നായി പുറത്തുവരും. മുന്നണികളിലെ ആവേശം ഉച്ചസ്ഥിതിയിലാണ് — ഭരണമാറ്റമാണോ, ഭരണത്തുടർച്ചയാണോ, അല്ലെങ്കിൽ തൂക്കുസഭയോ എന്നത് മണിക്കൂറുകൾക്കകം വെളിവാകും. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും, രാഷ്ട്രീയ ചൂട് കുതിച്ചുയരുകയാണ്. ബാലറ്റ് പെട്ടി തുറക്കുന്ന നിമിഷം, അടുത്ത അഞ്ച് വർഷത്തെ കേരളത്തിന്റെ ഭരണം ആരുടെ കൈകളിലാകുമെന്ന് വ്യക്തമായിത്തീരും.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട പോരിൽ ഇടപെടാൻ ഹൈക്കമാൻഡ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടുമെന്നും റിപ്പോർട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.
നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ നിന്നടക്കം അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ലെന്നും എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് ഭരണം നേടുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 സീറ്റുകളിൽ വരെ യുഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം. കൂടാതെ. ബിജെപി 4 സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് റിപ്പോർട്ട്.. കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോൾ ഫലമാണ് പുറത്തുവന്നത്.ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 63-74 വരെ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് 58-70 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയജീവിതം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ഫോക്കസ് ഫീച്ചറായി മുഴുവന്‍ പേജ് പരസ്യം നല്‍കിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിന്‍ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം എ പ്രിജിന്‍ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.