ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചു..കാലാവസ്ഥാ വ്യതിയാനമാണ് സോണിയ ഗാന്ധിക്ക് പെട്ടെന്ന് രോഗം പിടിപെടാൻ കാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
അതേസമയം ശാരീരിക വിഷമതകളെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. ഇന്ന് വൈകിട്ട് 4:30 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി രാഹുൽ ഗാന്ധി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധി എത്തില്ലെന്നും പകരം മല്ലികാർജുൻ ഖാർഗയാണ് കോഴിക്കോട് എത്തുകയെന്നും റിപ്പോർട്ടുകൾ എത്തി.



