ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു. 2026 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഐഎഡിഎംകെയുടെ മുൻ അമരക്കാരൻ ഭരണകക്ഷിയായ ഡിഎംകെയുടെ ഭാഗമാകുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പനീർസെൽവത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇതിന് മുന്നോടിയായി അദ്ദേഹം തന്റെ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എഐഎഡിഎംകെയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നെങ്കിലും പിന്നീട് പനീർസെൽവം ആ സഖ്യം ഉപേക്ഷിച്ചിരുന്നു. രാഷ്ട്രീയമായി തന്നെ ഒറ്റപ്പെടുത്തുന്ന എഐഎഡിഎംകെ നേതൃത്വത്തിന്റെ നിലപാടിൽ അദ്ദേഹം നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജയലളിതയുടെ മരണശേഷം മറ്റുള്ളവരുടെ നിർബന്ധം മൂലമാണ് താൻ മുഖ്യമന്ത്രി പദം ഏറ്റെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പനീർസെൽവത്തിന്റെ ഈ മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



