D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുകാറ്റും; ജനജീവിതം സ്തംഭിച്ചേക്കാം
2017-ന് ശേഷം ആദ്യമായാണ് ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബോറോകളിലും ബോസ്റ്റണിലും അതിശക്തമായ മഞ്ഞുകാറ്റ് (Blizzard) മുന്നറിയിപ്പ് നൽകുന്നത്.

അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ഈ ആഴ്ച്ചയിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 'ഹെർണാണ്ടോ' എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റ് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചേക്കാം. 2017-ന് ശേഷം ആദ്യമായാണ് ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബോറോകളിലും ബോസ്റ്റണിലും അതിശക്തമായ മഞ്ഞുകാറ്റ് (Blizzard) മുന്നറിയിപ്പ് നൽകുന്നത്.

കൊടുങ്കാറ്റ് അതിവേഗം ശക്തിപ്രാപിച്ച് തിങ്കളാഴ്ചയോടെ ഒരു 'ബോംബ് സൈക്ലോൺ' ആയി മാറാൻ സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിസ്റ്റുകൾ വിലയിരുത്തുന്നു. മണിക്കൂറിൽ 40 മുതൽ 70 മൈൽ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റ് തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വ്യാപകമായ വൈദ്യുതി തടസ്സത്തിനും കാരണമായേക്കാം.

ന്യൂജേഴ്‌സി മുതൽ മസാച്യുസെറ്റ്‌സ് വരെയുള്ള പ്രദേശങ്ങളിൽ ഒരടിയോളം മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. നനവുള്ളതും ഭാരമേറിയതുമായ മഞ്ഞായതിനാൽ (Heart attack snow) മരങ്ങൾ കടപുഴകി വീഴാനും കെട്ടിടങ്ങളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്.

റോഡുകളിൽ മഞ്ഞ് വീണ് അപകടങ്ങൾക്കും 'ബ്ലാക്ക് ഐസ്' പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ന്യൂയോർക്ക് മേയർ നിർദ്ദേശിച്ചു. വിമാന സർവീസുകൾ വലിയ തോതിൽ തടസ്സപ്പെട്ടേക്കാം. ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച വരെയാകും കൊടുങ്കാറ്റ് ഏറ്റവും ശക്തമാകുക. വാഷിംഗ്ടൺ ഡി.സി, ഫിലാഡൽഫിയ, ബാൾട്ടിമോർ, ന്യൂയോർക്ക്, ബോസ്റ്റൺ എന്നീ പ്രധാന നഗരങ്ങളെയാകും ഇത് കാര്യമായി ബാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *