ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി നികുതി യുഎസ് സുപ്രീം കോടതി റദ്ദാക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. സുപ്രീം കോടതി വിധി മുതൽ പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്താവനകൾ വരെയുള്ള എല്ലാ നീക്കങ്ങളും സൂക്ഷ്മമായി പഠിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. യുഎസ് ഭരണകൂടത്തിന്റെ പുതിയ നടപടികൾ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായ പരിശോധനകൾ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ നികുതി ചുമത്താൻ ട്രംപ് ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന സുപ്രീം കോടതി വിധി അമേരിക്കൻ സർക്കാരിന് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തെ കേന്ദ്രം ഗൗരവമായി നിരീക്ഷിക്കുമെന്നും വാണിജ്യ മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ഇതിൽ ഔദ്യോഗികമായ നിലപാട് വ്യക്തമാക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ശനിയാഴ്ച അറിയിച്ചു.
ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ വ്യാപകമായ നികുതി ചുമത്താൻ 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) ഒരു പ്രസിഡന്റിന് അധികാരം നൽകുന്നില്ലെന്ന് 6-3 എന്ന ഭൂരിപക്ഷത്തോടെയാണ് കോടതി വ്യക്തമാക്കിയത്. കോടതിയുടെ ഈ പുതിയ വിധി, നേരത്തെ നികുതിയിനത്തിൽ അടച്ച പതിനായിരക്കണക്കിന് കോടി ഡോളറുകൾ തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമപോരാട്ടങ്ങൾക്ക് വഴിതുറന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



