D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വർണമോഷണം; നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി
അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ നൽകി സത്യം വെളിച്ചത്തുകൊണ്ടുവരാനാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിനായി നടൻ ജയറാം കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി. കഴിഞ്ഞ 38 വർഷമായി കേരളത്തിലുടനീളമുള്ള ക്ഷേത്രങ്ങളിൽ താൻ പോകാറുണ്ടെന്നും, ആ നിലയിലാണ് ശബരിമലയിലെ ചടങ്ങുകളിലും പങ്കെടുത്തതെന്നും ജയറാം പ്രതികരിച്ചു. ഈ സംഭവത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാൻ കോടതിയും ബന്ധപ്പെട്ട സംവിധാനങ്ങളുമുണ്ട്. അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ നൽകി സത്യം വെളിച്ചത്തുകൊണ്ടുവരാനാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല ഓരോ ഭാരതീയന്റെയും വികാരമാണെന്നും അവിടെ ഇത്തരമൊരു തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ സത്യം 100% പുറത്തുവരണമെന്നും ജയറാം പറഞ്ഞു. കഴിഞ്ഞ 50 വർഷമായി മുടങ്ങാതെ ശബരിമലയിൽ പോകുന്ന വ്യക്തി എന്ന നിലയിൽ ഇതിലെ സത്യാവസ്ഥ തെളിയേണ്ടത് തന്റെ കൂടി കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ സാക്ഷി എന്ന നിലയിലാണ് ജയറാമിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദീർഘകാലത്തെ സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകിയിരുന്നു. ജയറാമിനൊപ്പം കേസിൽ ഇടനിലക്കാരനെന്ന് സംശയിക്കുന്ന കൽപ്പേഷും ഇ.ഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *