കണ്ണൂരിൽ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി വയോധികയുടെ ഒന്നരക്കോടി രൂപ തട്ടിയെടുത്തു. ഫ്ലാറ്റിൽ താമസിക്കുന്ന എൺപതുകാരിയാണ് ജനുവരി ആദ്യവാരം മുതൽ ഒരു മാസത്തോളം നീണ്ടുനിന്ന ഓൺലൈൻ തട്ടിപ്പിനിരയായത്. പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുടെ പക്കൽ നിന്നും പരാതിക്കാരിയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും, ഭീകരവാദികളുമായി ഇവർക്ക് പണമിടപാടുണ്ടെന്നും ആരോപിച്ചായിരുന്നു ഭീഷണി.
താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ കൈവശമുള്ള തുക പരിശോധനയ്ക്കായി റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് തട്ടിപ്പുകാർ വയോധികയെ വിശ്വസിപ്പിച്ചു. ഭയന്നുപോയ ഇവർ പലപ്പോഴായി ഒന്നരക്കോടി രൂപ കൈമാറി. എന്നാൽ വിവിധ അക്കൗണ്ടുകളിലേക്ക് തുടർച്ചയായി വലിയ തുകകൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ 50 ലക്ഷം രൂപയുടെ മറ്റൊരു ഇടപാട് തടയുകയും വയോധികയെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വയോധിക തിരിച്ചറിഞ്ഞത്. സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതരുടെ ജാഗ്രത മൂലമാണ് വയോധികയുടെ ബാക്കി പണം നഷ്ടപ്പെടാതെ സംരക്ഷിക്കാനായത്.



