കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്തതിനെത്തുടർന്ന് ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. കേരളത്തിന് എയിംസ് ലഭിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കുമെന്നും ബജറ്റിന് മുൻപ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകാത്തതിനെത്തുടർന്ന് തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമാണ് അദ്ദേഹം മറുപടി നൽകിയത്.
2016-ൽ തന്നെ എയിംസ് പ്രഖ്യാപിക്കപ്പെട്ടതാണെന്നും എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വികസന സാധ്യതയുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ സർക്കാർ തയ്യാറാകണം. കൊച്ചിയിലോ തിരുവനന്തപുരത്തോ ഇനി വികസനം സാധ്യമല്ലെന്നും, കുറഞ്ഞത് നാല് സ്ഥലങ്ങളെങ്കിലും ഇതിനായി നിർദ്ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2015 മുതൽ തന്നെ ആലപ്പുഴയിൽ എയിംസ് വരണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും, അവിടെ സ്ഥലം ലഭ്യമായില്ലെങ്കിൽ തൃശൂരിൽ സ്ഥലം കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ എയിംസ് വരാതിരിക്കാൻ കാരണമില്ലെന്നും 2027-ലോ 2028-ലോ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ലെന്നും ജനങ്ങളുടെ ആവശ്യം കേന്ദ്രത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കശ്മീരിലെ പദ്ധതികൾ രാഷ്ട്രീയ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



