ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌ക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ ശരിവച്ച കോടതി, താരത്തിന്റെ അപ്പീൽ തള്ളി. ഇതോടെ വിജയ് ഈ പിഴത്തുക അടയ്‌ക്കേണ്ടി വരും.
2015-ൽ പുറത്തിറങ്ങിയ 'പുലി' എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെത്തുടർന്ന് വിജയ്‌യുടെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ പ്രകാരം താരം 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന്, ആദായനികുതി നിയമത്തിലെ സെക്ഷൻ 271 AAB പ്രകാരം 1.5 കോടി രൂപ പിഴയായി ചുമത്തുകയായിരുന്നു.
ഈ നടപടി നിയമപരമല്ലെന്നും പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും വാദിച്ചാണ് വിജയ് 2022-ൽ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ പിഴ ഈടാക്കുന്നത് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, കേസ് വിശദമായി പരിഗണിച്ച ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് വിജയ്‌യുടെ വാദങ്ങൾ തള്ളി. അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്ത പക്ഷം പിഴ ചുമത്താനുള്ള വകുപ്പിന്റെ അധികാരം ശരിവെച്ച കോടതി, ആദായനികുതി വകുപ്പിന്റെ നടപടിയിൽ നിയമപരമായ പിശകുകൾ ഇല്ലെന്ന് നിരീക്ഷിച്ചു.



