ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായതായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ സ്ഥിരീകരിച്ചു. ഇത് വെറുമൊരു വ്യാപാര കരാറല്ലെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനങ്ങൾ നൽകുന്നതും 2047-ഓടെ 'വികസിത് ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതുമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ചരിത്രപ്രധാനമായ ഈ കരാറിന് പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രസിഡന്റ് ട്രംപുമായി ഫോണിൽ സംസാരിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുള്ള തീരുവ 18 ശതമാനമായി കുറച്ച നടപടിക്ക് അദ്ദേഹം ട്രംപിന് നന്ദി അറിയിച്ചു. എന്നാൽ തന്റെ പ്രതികരണത്തിൽ 'വ്യാപാര കരാർ' എന്ന വാക്ക് അദ്ദേഹം നേരിട്ട് പരാമർശിച്ചില്ല. അതേസമയം, പ്രധാനമന്ത്രി മോദിയെ ട്രംപ് ഒരു യഥാർത്ഥ സുഹൃത്തായാണ് കാണുന്നതെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി.
ഇന്ത്യയ്ക്കുള്ള തീരുവ 25-ൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നതിന് പകരമായി, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് നിർണ്ണായകമായ ഈ പ്രഖ്യാപനങ്ങൾ ഉണ്ടായത്.



