ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിൽ വീണ്ടും ഭാഗിക ഭരണസ്തംഭനം (ഷട്ട്ഡൗൺ) ആരംഭിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ യുഎസ് കോൺഗ്രസ് അംഗീകാരം നൽകാത്തതിനാലാണ് ഫെഡറൽ ഫണ്ടിംഗ് തടസ്സപ്പെട്ടത്. ഹോംലാൻഡ് സെക്യൂരിറ്റി ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ അനിശ്ചിതത്വം ഈ പ്രതിസന്ധിക്ക് കാരണമായി. ഇതോടെ സുരക്ഷ, ഗതാഗതം, ആരോഗ്യം, തൊഴിൽ മന്ത്രാലയങ്ങളോട് പ്രവർത്തനങ്ങൾ നിർത്തിവെക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ നിർദ്ദേശം നൽകി. എന്നാൽ കൃഷി മന്ത്രാലയത്തിന് ഫണ്ട് ലഭ്യമായതിനാൽ ഭക്ഷ്യ സുരക്ഷാ പദ്ധതികളെ ഇത് ബാധിക്കില്ല.
മിനിയാപൊളിസിൽ രണ്ട് പ്രതിഷേധക്കാരെ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ വെടിവെച്ചു കൊന്നതിനെത്തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലുണ്ടായ കടുത്ത വിയോജിപ്പാണ് ബജറ്റ് ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കിയത്. സെനറ്റ് അംഗീകരിച്ച ഫണ്ടിംഗ് കരാർ അടുത്ത ആഴ്ച ആദ്യം പ്രതിനിധി സഭ വോട്ടിനിട്ടു പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിന് അംഗീകാരം ലഭിക്കുന്നതോടെ സർക്കാർ സംവിധാനങ്ങൾ സാധാരണ നിലയിലാകും.



