ടെക്സസിലെ സർക്കാർ ഏജൻസികളിലും പൊതു സർവകലാശാലകളിലും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഗവർണർ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു. 2027 മെയ് മാസം വരെ പ്രാബല്യത്തിലുള്ള ഈ നിയമം ഇന്ത്യൻ പ്രൊഫഷണലുകളെയും ഗവേഷകരെയും വലിയതോതിൽ ബാധിച്ചേക്കാം. ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ പ്രത്യേക അനുമതിയില്ലാതെ പുതിയ വിസ അപേക്ഷകൾ ഫയൽ ചെയ്യരുതെന്നാണ് നിർദ്ദേശം. അമേരിക്കൻ ജോലികൾ സ്വദേശികൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ഗവർണർ വ്യക്തമാക്കി.
ട്രംപ് ഭരണകൂടം ഫെഡറൽ വിസ നിയമങ്ങളിൽ കൊണ്ടുവന്ന കർശനമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ടെക്സസിലെ ഈ നീക്കം. ഇതിനകം ജോലി ചെയ്യുന്ന വിസ ഉടമകളുടെ എണ്ണം, ജോലി സ്വഭാവം, രാജ്യം തുടങ്ങിയ വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളോടും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 21-ന് ശേഷം സമർപ്പിക്കുന്ന പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ അധിക ഫീസ് നൽകണമെന്ന ട്രംപിന്റെ ഉത്തരവും പുതിയ അപേക്ഷകർക്ക് വെല്ലുവിളിയാണ്.
നിലവിൽ എച്ച്-1ബി വിസ ലഭിക്കുന്നവരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. ടെക്സസിലെ പൊതു സർവകലാശാലകളിൽ എഞ്ചിനീയറിംഗ്, മെഡിസിൻ, ഗവേഷണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് വിദേശ ഫാക്കൽറ്റികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. കൂടാതെ, അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിവർഷം 10 ബില്യൺ ഡോളറിലധികം അവിടെ ചിലവഴിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ വരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെയും ഗവേഷണങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആഭ്യന്തര തൊഴിൽ വിപണി സംരക്ഷിക്കാനാണ് ഗവർണർ ഈ നടപടി സ്വീകരിച്ചതെങ്കിലും, ഇത് സംസ്ഥാനത്തിന്റെ ആഗോള മത്സരശേഷിയെ ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഒരു മില്യൺ ഡോളർ നൽകുന്നവർക്ക് വിസ നടപടികൾ വേഗത്തിലാക്കുന്ന 'ഗോൾഡ് കാർഡ്' പോലുള്ള പുതിയ പദ്ധതികളും ട്രംപ് ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ട്.



