D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിമാനാപകടത്തില്‍ എൻ‌സി‌പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ദാരുണാന്ത്യം
അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സഹപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൈലറ്റും ഉൾപ്പെടെ ആറുപേരും അപകടത്തിൽ മരണപ്പെട്ടു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സഹപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൈലറ്റും ഉൾപ്പെടെ ആറുപേരും അപകടത്തിൽ മരണപ്പെട്ടു.

ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. റൺവേയിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അടുത്തുള്ള പാടത്തേക്ക് തകർന്നു വീഴുകയായിരുന്നു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. വിമാനം പൂർണ്ണമായും തകർന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉടൻ ബാരാമതിയിലെത്തും. പ്രിയ നേതാവിന്റെ വിയോഗവാർത്തയറിഞ്ഞ് ബാരാമതിയിലെ ആശുപത്രിക്ക് മുന്നിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *