D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിക്ക് ഹൈക്കോടതി വിമർശനം
കൃത്യസമയത്ത് കുറ്റപത്രം നൽകാത്തത് അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് സംശയമുണ്ടാക്കാൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കുറ്റപത്രം നൽകുന്നതിൽ കാലതാമസം വരുത്തുന്നത് വഴി പ്രതികൾക്ക് എങ്ങനെയാണ് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. കൃത്യസമയത്ത് കുറ്റപത്രം നൽകാത്തത് അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് സംശയമുണ്ടാക്കാൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

കേസിലെ പ്രധാനി എ. പത്മകുമാറിനെതിരെയുള്ള തെളിവ് ശേഖരണത്തിൽ എസ്ഐടിക്ക് വീഴ്ച പറ്റിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയ മിനുറ്റ്സിലെ കയ്യക്ഷര പരിശോധനയ്ക്കായി പത്മകുമാറിന്റെ സാമ്പിൾ ശേഖരിച്ചത് മൂന്നു ദിവസം മുൻപ് മാത്രമാണ്. ഇതിനിടെ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ കയ്യക്ഷര പരിശോധനയ്ക്കായി കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി അനുമതി തേടിയിട്ടുണ്ട്.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങുന്നത് തടയാനായി റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പുതിയ കേസുകൾ എടുക്കാനാണ് പോലീസ് നീക്കം. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായിട്ട് 90 ദിവസം തികയുകയാണ്. ദ്വാരപാലക കേസിൽ ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *