D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വികസന പദ്ധതികൾ ഒന്നുമില്ല; വാ​ഗ്ദാനങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ തിരുവനന്തപുരത്ത് മോദിയുടെ പ്രസംഗം
രാഷ്ട്രീയ പ്രസംഗത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വികസനത്തിനായി ബിജെപിയെ പിന്തുണയ്ക്കണമെന്ന് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിന് പിന്നാലെ തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ പുതിയ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. നഗരവികസനത്തിന് പിന്തുണ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും, ഏറെ പ്രതീക്ഷിച്ചിരുന്ന അതിവേഗ റെയിൽ പാതയെക്കുറിച്ച് പരാമർശമുണ്ടായില്ല. മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫും, ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രപ്രണർഷിപ്പ് ഹബ്ബ്, ശ്രീചിത്ര റേഡിയോ ചികിത്സാ സെന്റർ എന്നിവയുടെ തറക്കല്ലിടലും മാത്രമാണ് ഔദ്യോഗിക ചടങ്ങിൽ നടന്നത്. രാഷ്ട്രീയ പ്രസംഗത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വികസനത്തിനായി ബിജെപിയെ പിന്തുണയ്ക്കണമെന്ന് ആഹ്വാനം ചെയ്തു.

അതേസമയം, തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായുള്ള പ്രത്യേക രൂപരേഖ പ്രധാനമന്ത്രിക്ക് കൈമാറിയതായി മേയർ വി.വി. രാജേഷ് അറിയിച്ചു. 2030-ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ ഭരണമുറപ്പിച്ചാൽ പ്രധാനമന്ത്രിയെ എത്തിക്കുമെന്ന വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ വ്യക്തമാക്കി. വേദിയിൽ തിരുവനന്തപുരം മേയറുടെ കൈ പിടിച്ചുയർത്തി പ്രധാനമന്ത്രി അഭിനന്ദിക്കുകയും അദ്ദേഹത്തിന് അയ്യപ്പ വിഗ്രഹം സമ്മാനമായി നൽകുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളും ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *