ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് ഔദ്യോഗികമായി പുറത്തുപോകും. മുന്നറിയിപ്പുകൾ നിലനിൽക്കെ തന്നെ നടപ്പിലാക്കുന്ന ഈ നീക്കം അമേരിക്കയുടെയും ആഗോള സമൂഹത്തിന്റെയും ആരോഗ്യരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സംഘടന വിടുന്നതിന് മുൻപായി കുടിശ്ശികയുള്ള 260 മില്യൺ ഡോളർ ഫീസ് നൽകണമെന്ന യുഎസ് നിയമം ലംഘിച്ചുകൊണ്ടാണ് വാഷിംഗ്ടണിന്റെ ഈ പിന്മാറ്റം. 2025-ൽ അധികാരമേറ്റ ആദ്യ ദിവസം തന്നെ സംഘടനയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നോട്ടീസ് നൽകിയിരുന്നു. യുഎസ് നിയമപ്രകാരം ഒരു വർഷത്തെ നോട്ടീസ് പിരീഡും കുടിശ്ശിക തീർക്കലും നിർബന്ധമാണെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല.
അമേരിക്കയുടെ പിന്മാറ്റം ലോകത്തിനും അമേരിക്കയ്ക്കും ഒരുപോലെ നഷ്ടമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചു. യുഎസ് നൽകേണ്ട 2024, 2025 വർഷങ്ങളിലെ ഫീസ് ഇതുവരെ അടച്ചിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ ആകെ ഫണ്ടിന്റെ 18 ശതമാനത്തോളം സംഭാവന ചെയ്തിരുന്ന ഏറ്റവും വലിയ പങ്കാളിയായ അമേരിക്കയുടെ പിന്മാറ്റം ഏജൻസിയെ കടുത്ത ബജറ്റ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് മാനേജ്മെന്റ് ടീമിനെ പകുതിയായും ജീവനക്കാരെ നാലിലൊന്നായും വെട്ടിക്കുറയ്ക്കാൻ ഏജൻസി നിർബന്ധിതരായിരിക്കുകയാണ്.
അമേരിക്ക ഉടനെ സംഘടനയിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖർ നിരീക്ഷിക്കുന്നു. ഈ നീക്കം യുഎസ് നിയമത്തിന്റെ ലംഘനമാണെങ്കിലും ട്രംപ് ഭരണകൂടം ഇതിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല. ആരോഗ്യ ഭീഷണികൾ കണ്ടെത്തുന്നതിനും തടയുന്നതിനും ലോകം ആശ്രയിക്കുന്ന ആഗോള സഹകരണ സംവിധാനങ്ങളെ ഈ പിന്മാറ്റം ദുർബലപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നു. ഫെബ്രുവരിയിൽ നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ അംഗരാജ്യങ്ങൾ ഈ സാഹചര്യം ചർച്ച ചെയ്യും.



