D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
നിയമപ്രകാരം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക നീതിക്ക് അർഹതയുണ്ടെന്ന പ്രതിഭാഗം വാദം കോടതി ശരിവെക്കുകയായിരുന്നു.

ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലാണ് ഈ ഉത്തരവ്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം നൽകിയത്. അന്വേഷണം പൂർത്തിയാകാത്തതാണ് കുറ്റപത്രം വൈകാൻ കാരണമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയത്.

എന്നാൽ, നിയമപ്രകാരം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക നീതിക്ക് അർഹതയുണ്ടെന്ന പ്രതിഭാഗം വാദം കോടതി ശരിവെക്കുകയായിരുന്നു. എങ്കിലും, കട്ടിള പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി പ്രതിയായതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല.

അതേസമയം, കേസിലെ മറ്റു പ്രതികളായ എ. പത്മകുമാർ, എൻ. വാസു എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. മോഷണപ്പണം ഉപയോഗിച്ച് സമ്പാദിച്ച ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമാണ് ഇ.ഡിയുടെ നീക്കം. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലുമായി ഇരുപതോളം കേന്ദ്രങ്ങളിൽ ഇ.ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *