ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാട്ടിയാണ് ഹർജി നൽകിയത്. പ്രോസിക്യൂഷൻ ഈ ഹർജിയെ എതിർത്തില്ലെങ്കിലും കർശനമായ ജാമ്യവ്യവസ്ഥകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കട്ടിളപ്പാളി കേസിൽ കൂടി റിമാൻഡിൽ കഴിയുന്നതിനാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം, സ്വർണപ്പാളികളുടെ അളവും തൂക്കവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ വീണ്ടും സമഗ്രമായ പരിശോധന തുടങ്ങി. എസ്ഐടി തലവൻ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് രണ്ടുദിവസം തങ്ങി കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് ഇന്നും തുടർന്നു. നാളെ വിധി അനുകൂലമായാൽ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ വ്യക്തിയായി ഉണ്ണികൃഷ്ണൻ പോറ്റി മാറും.



