ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. മുൻപ് അനുവദിച്ച റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്. ഇതേ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. തനിക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളികൾ പൂർണ്ണമായും വിറ്റഴിച്ചെന്ന സംശയത്തെ ബലപ്പെടുത്തുന്ന വി.എസ്.എസ്.സി.യുടെ ശാസ്ത്രീയ റിപ്പോർട്ട് കേസിലെ ഗൗരവം വർദ്ധിപ്പിക്കുന്നു. 1999-ൽ സമർപ്പിച്ച സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ ഘടനയും നിലവിൽ സന്നിധാനത്തുള്ള ദ്വാരപാലക കട്ടിളപ്പാളികളുടെ ഘടനയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് പരിശോധനാ ഫലത്തിൽ പറയുന്നത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.



