D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ വമ്പൻ തട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.

ശബരിമലയിൽ അയ്യപ്പഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം വിൽക്കുന്ന 'ആടിയ ശിഷ്ടം നെയ്യ്' വിതരണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.

വിൽപന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ തുകയായ 13,67,900 രൂപ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽ വെച്ചുള്ള അനധികൃത വിൽപ്പന കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ദേവസ്വം കൗണ്ടറുകൾ വഴി മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ചയിടത്താണ് ലക്ഷങ്ങളുടെ അഴിമതി നടന്നിരിക്കുന്നത്.

നെയ്യ് പാക്ക് ചെയ്യുന്നതിനായി പാലക്കാട്ടെ ഒരു കോൺട്രാക്ടറെയാണ് ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിരുന്നത്. കോൺട്രാക്ടർ പാക്ക് ചെയ്ത് കൗണ്ടറുകളിൽ ഏൽപ്പിച്ച പാക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിൽ നിന്നുള്ള വിൽപ്പന രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉള്ളതായി കോടതി നിരീക്ഷിച്ചു. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 68,200 രൂപ ഇയാൾ കൃത്യസമയത്ത് അടച്ചിട്ടില്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് പുതിയ നെയ്യ് തട്ടിപ്പും പുറത്തുവരുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അതീവ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് പ്രത്യേക സംഘത്തോട് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *