D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ കേസെടുക്കണം’; ഡിജിപിക്ക് പരാതി നൽകി അതിജീവിത

പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അതിജീവിത ഡിജിപിക്ക് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയാണ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിനെ സമീപിച്ചത്. തന്നെ അധിക്ഷേപിച്ചതിനും ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും എതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും, സത്യം പറയാൻ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്ന കാര്യത്തിൽ കേരള പോലീസിൽ തനിക്ക് വിശ്വാസമുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് ആധാരമായത്. അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മറുഭാഗം കൂടി കേൾക്കണമെന്നും രാഹുലിനെതിരായ പരാതികളിൽ പലതിലും സംശയമുണ്ടെന്നുമായിരുന്നു ശ്രീനാദേവിയുടെ നിലപാട്.

ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഈ നിലപാടുകൾ അതിജീവിതയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നിയമനടപടികളുമായി യുവതി മുന്നോട്ട് പോയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *