ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ 25 ശതമാനം ഇറക്കുമതി തീരുവ (Tariff) ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യുഎസ് ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി. അമേരിക്ക തങ്ങളുടെ "വഞ്ചനാപരമായ നടപടികൾ" അവസാനിപ്പിക്കണമെന്നും ഇറാനിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചാണ് ട്രംപ് പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയുമായുള്ള ബിസിനസ് ഇടപാടുകളിൽ 25 ശതമാനം അധിക നികുതി നൽകേണ്ടി വരുമെന്നും ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങളെ ഈ നീക്കം ഗുരുതരമായി ബാധിച്ചേക്കാം.
അമേരിക്കൻ രാഷ്ട്രീയക്കാർ കുതന്ത്രങ്ങൾ മെനയുന്നത് അവസാനിപ്പിക്കണമെന്നും ഇറാൻ ജനത ശത്രുക്കളെ തിരിച്ചറിയാൻ പ്രാപ്തരാണെന്നും ഖമേനി പറഞ്ഞു. ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ വിദേശ ശക്തികൾ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ഇതിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്നും അദ്ദേഹം ആരോപിച്ചു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തിയാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ട്രംപിന്റെ പുതിയ നീക്കം. ഇറാനിലെ വിവിധ പ്രവിശ്യകളിൽ തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതിനോടകം അറുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



