ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. എല്ലാ കാര്യങ്ങളും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മാത്രം ഏൽപ്പിച്ച ദേവസ്വം ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്ത കോടതി, ബോർഡ് കൃത്യമായി ഇടപെടാതിരുന്നതിനെ ഗൗരവത്തോടെയാണ് കണ്ടത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ ഉണ്ടായത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവർധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്. സ്വർണ്ണക്കൊള്ളയിൽ ഇവർക്ക് പ്രധാന പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. എന്നാൽ, താൻ കുറ്റകരമായ ഉദ്ദേശ്യത്തോടെയല്ല 'ചെമ്പ് പാളി' എന്ന് രേഖപ്പെടുത്തിയതെന്ന് എ. പത്മകുമാറും, തന്നെ സാക്ഷിയാക്കുന്നതിന് പകരം പ്രതിയാക്കുകയായിരുന്നു എന്ന് ഗോവർധനും ജാമ്യാപേക്ഷയിൽ വാദിച്ചു.
അതേസമയം, സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ തിരിച്ചറിയുമെന്നും ദേവസ്വം ബോർഡ് മെമ്പർ കെ. രാജു പ്രതികരിച്ചു. കേസിൽ കൂടുതൽ പേർ പിടിയിലായിക്കൊണ്ടിരിക്കുകയാണെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.



