D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ന്യൂയോർക്കിൽ ഇനി ‘ജങ്ക് ഫീ’ നടപ്പില്ല; സബ്‌സ്‌ക്രിപ്‌ഷൻ കെണികൾക്കും അമിത ചാർജുകൾക്കുമെതിരെ മേയർ മംദാനിയുടെ വജ്രായുധം
സാധാരണക്കാർക്ക് താങ്ങാനാവുന്ന ജീവിതസാഹചര്യം ഒരുക്കുക എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് മേയറുടെ ഈ നീക്കം...

ന്യൂയോർക്ക് സിറ്റിയിൽ ഉപഭോക്താക്കളെ വലയ്ക്കുന്ന അമിത ചാർജുകൾക്കും (Junk Fees) സബ്‌സ്‌ക്രിപ്‌ഷൻ കെണികൾക്കുമെതിരെ ശക്തമായ നടപടികളുമായി പുതിയ മേയർ സൊഹ്‌റാൻ മംദാനി. അധികാരമേറ്റ് അഞ്ചാം ദിവസമായ ജനുവരി 5-ന്, ന്യൂയോർക്കുകാരുടെ പണം ലാഭിക്കുന്നതിനും ബിസിനസ്സ് രംഗത്തെ വഞ്ചനാപരമായ രീതികൾ അവസാനിപ്പിക്കുന്നതിനുമായി അദ്ദേഹം രണ്ട് സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന ജീവിതസാഹചര്യം ഒരുക്കുക എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് മേയറുടെ ഈ നീക്കം.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് മംദാനി ഉത്തരവുകൾ പ്രഖ്യാപിച്ചത്. ആദ്യ ഉത്തരവ് പ്രകാരം, നഗരത്തിലുടനീളം ഈടാക്കുന്ന മറഞ്ഞിരിക്കുന്ന സർവീസ് ചാർജുകൾ, പ്രോസസിങ് ഫീസുകൾ, അനാവശ്യമായ മറ്റ് അധിക നിരക്കുകൾ എന്നിവ നിരീക്ഷിക്കാനും തടയാനും ഒരു പ്രത്യേക 'ജങ്ക് ഫീ ടാസ്‌ക് ഫോഴ്‌സ്' രൂപീകരിക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൺസ്യൂമർ ആൻഡ് വർക്കർ പ്രൊട്ടക്ഷൻ (DCWP) കമ്മീഷണർ സാം ലെവിൻ, ഡെപ്യൂട്ടി മേയർ ജൂലി സു എന്നിവർ ഇതിന് നേതൃത്വം നൽകും.

രണ്ടാമത്തെ എക്സിക്യൂട്ടീവ് ഉത്തരവ് സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്ഠിത സേവനങ്ങളിലെ ചതിക്കുഴികൾ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരിക്കൽ ചേർന്നാൽ പിന്നീട് റദ്ദാക്കാൻ പ്രയാസമുള്ളതോ, ഉപഭോക്താവ് അറിയാതെ പണം ഈടാക്കുന്നതോ ആയ സബ്‌സ്‌ക്രിപ്‌ഷനുകൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം വഞ്ചനാപരമായ രീതികൾ പിന്തുടരുന്ന കമ്പനികളെ കണ്ടെത്താനും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും DCWP-ക്ക് മേയർ പൂർണ്ണ അധികാരം നൽകി.

"ഒരു പത്തു രൂപ ഇവിടെ, അഞ്ചു രൂപ അവിടെ എന്നിങ്ങനെ ഈടാക്കുന്ന ചെറിയ തുകകൾ ഒരു സാധാരണക്കാരന്റെ ജീവിതച്ചെലവ് വല്ലാതെ വർദ്ധിപ്പിക്കുന്നു. ഇത് കേവലം സാമ്പത്തിക പ്രശ്നമല്ല, മറിച്ച് കോർപ്പറേറ്റുകൾക്കും ചില ഭൂവുടമകൾക്കും സാധാരണക്കാരോടുള്ള അനാദരവാണ്," മംദാനി വ്യക്തമാക്കി. വാടക നൽകുമ്പോൾ അവസാന നിമിഷം ചേർക്കുന്ന അധിക ഫീസുകൾ മുതൽ ജിം അംഗത്വവും ഒൺലൈൻ ടിക്കറ്റുകളും വരെ ഇതിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറ്റി കൗൺസിലുമായും അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസുമായും സഹകരിച്ച് ഈ ഉത്തരവുകൾ നടപ്പിലാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. സാധാരണക്കാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും അവരെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും തന്റെ സർക്കാർ മുൻഗണന നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *