കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വിട്ടുമാറാത്ത ചുമയെത്തുടർന്നുള്ള പതിവ് പരിശോധനകളുടെ ഭാഗമായാണ് സോണിയ ഗാന്ധി ആശുപത്രിയിലെത്തിയത്. ഡൽഹിയിലെ വർധിച്ചുവരുന്ന വായുമലിനീകരണം അവർക്ക് ഇടയ്ക്കിടെ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള അവർ സുഖം പ്രാപിച്ചു വരികയാണെന്ന് പാർട്ടി വൃത്തങ്ങളും വ്യക്തമാക്കി.



