അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ ഒഹായോയിലെ വീടിനുനേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. സിൻസിനാറ്റിയിലുള്ള വാൻസിൻ്റെ വസതിക്ക് നേരെയാണ് അജ്ഞാതൻ്റെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ആക്രമണ സമയത്ത് വൈസ് പ്രസിഡൻ്റോ കുടുംബമോ വീട്ടിലുണ്ടായിരുന്നില്ല.
വീടിൻ്റെ ജനൽ ചില്ലുകൾ തകർക്കപ്പെട്ടതായും പരിസരത്ത് പാർക്ക് ചെയ്തിരുന്ന സീക്രട്ട് സർവീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ചുറ്റിക ഉപയോഗിച്ചാണ് പ്രതി ജനലുകൾ തകർത്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ ഭരണകൂടം വെനിസ്വേലക്കെതിരെ നടപടികൾ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നത് ഗൗരവകരമായി കാണുന്നു. വൈസ് പ്രസിഡൻ്റിൻ്റെ സുരക്ഷ വർദ്ധിപ്പിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും യുഎസ് സീക്രട്ട് സർവീസ് അറിയിച്ചു. പിടിയിലായ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.



