മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ സിഎസ്ഐ മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂർ മിഷനിലെ വൈദികനും തിരുവനന്തപുരം അമരവിള സ്വദേശിയുമായ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരാണ് പിടിയിലായത്. നാഗ്പൂരിലെ ഷിംഗോഡിയിൽ ക്രിസ്മസ്-ന്യൂ ഇയർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവർക്കൊപ്പം പ്രാദേശിക വൈദികരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്നാണ് പ്രാഥമിക സൂചന. അറസ്റ്റിലായവരുടെ മോചനത്തിനായുള്ള നിയമനടപടികൾ സിഎസ്ഐ സഭ ആരംഭിച്ചിട്ടുണ്ട്.



