ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച നടന്ന ചോദ്യം ചെയ്യൽ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. എസ്ഐടിക്ക് മുന്നിൽ ഹാജരായ കാര്യം കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം നടക്കുന്ന സമയത്തെ മന്ത്രി എന്ന നിലയിൽ തന്റെ ഭാഗം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ ദേവസ്വം ബോർഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും മന്ത്രി അറിയാറില്ലെന്നും സ്വർണം പൂശൽ നടപടികളിൽ താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി.
കേസിലെ പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ചുള്ള പരിചയം മാത്രമാണുള്ളതെന്നും, വിവിധ വഴിപാടുകളുടെ സ്പോൺസർ എന്ന നിലയിലാണ് അദ്ദേഹത്തെ അറിയുന്നതെന്നും കടകംപള്ളി വിശദീകരിച്ചു. മറ്റുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



