ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും പ്രതികളെ ന്യായീകരിക്കാൻ പാർട്ടി തയ്യാറല്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വ്യക്തമാക്കി. ഏത് ഏജൻസി അന്വേഷിക്കുന്നതിനോടും പാർട്ടിക്ക് എതിർപ്പില്ലെന്നും ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിനെതിരെ കോടതിയിൽ തെളിവുകളില്ലെന്നും ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിൽ സംസാരിക്കവെ സ്വരാജ് കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ വൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രണ്ട് ദേവസ്വം പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ കൊള്ള നടക്കില്ലെന്നും സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ തട്ടിപ്പിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നും പുരാവസ്തു കടത്ത് ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. പഴയ വിളക്കുകളും പാത്രങ്ങളും ലേലം ചെയ്യാൻ മുൻപ് ദേവസ്വം ബോർഡ് നടത്തിയ നീക്കങ്ങൾ ഇതിനോട് ചേർത്തു വായിക്കണമെന്നും, ഒരു വിദേശ വ്യവസായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ അന്വേഷണ സംഘത്തെ കാര്യങ്ങൾ ധരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.



