ശബരിമല സ്വർണ്ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്ത എം.എസ്. മണി വ്യക്തമാക്കി. അന്വേഷണ സംഘം തിരയുന്ന 'ഡി മണി' താനല്ലെന്നും തന്റെ പേര് സുബ്രഹ്മമണി എന്നാണെന്നും അദ്ദേഹം ദിണ്ടിഗലിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ സുഹൃത്തായ ബാലമുരുകന്റെ പേരിലുള്ളതാണെന്നും, ഈ നമ്പർ ആരോ ദുരുപയോഗം ചെയ്തതിനെക്കുറിച്ചാണ് പോലീസ് ചോദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന തനിക്ക് സ്വർണ്ണക്കച്ചവടവുമായി ബന്ധമില്ലെന്നും പോലീസ് കാണിച്ച ഫോട്ടോകളിലെ ആരെയും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘത്തിന് ആളുമാറിയതാണെന്ന് ബോധ്യപ്പെട്ടതായും കേസുമായി പൂർണ്ണമായി സഹകരിക്കുമെന്നും മണി പറഞ്ഞു.
അതേസമയം, ദിണ്ടിഗലിലെ ഡി മണിയുടെയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്ഐടി വിശദമായ പരിശോധന നടത്തി. ശബരിമല മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും തമ്മിലുള്ള ഇടപാടുകളിൽ ശ്രീകൃഷ്ണൻ ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാണ് പോലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.



